പുരാതനകാലം മുതൽക്കേ മരങ്ങളെ ദൈവത്തിന്റെ ചൈതന്യം ഉൾക്കൊണ്ടവയായി കരുതി ആരാധിച്ചിരുന്നു.(ദൈവം എന്ന് വിശ്വസിച്ചിരുന്നതാരെയാണോ അവരുടെ) ആൽമരം,കദംബം, ഇലഞ്ഞി,പീപ്പലം, പാല,ആര്യവേപ്പ് എന്നിവ ഇത്തരത്തിൽ ആരാധിക്കപ്പെട്ടിരുന്ന മരങ്ങൾ ആണ്. ഈ മരങ്ങളിൽ യക്ഷൻ താമസിക്കുന്നു എന്നും അദ്ദേഹത്തെ പ്രസാധപ്പെടുത്തിയാൽ അഭീഷ്ടകാര്യം നടക്കും എന്നും ജനങ്ങൾ വിശ്വസിച്ചിരുന്നു. വിവാഹം, സന്താനങ്ങൾ എന്നിവക്കായാണ് പ്രധാനമായും ഈ വൃക്ഷങ്ങളെ ആരാധിച്ചിരുന്നത്. ഈ മരങ്ങൾക്കു ചുറ്റും തറകെട്ടി സംരക്ഷിക്കുക പതിവായിരുന്നു. ഇത്തരം മരങ്ങളുടെ ചുവട്ടിൽ ദിനം മുഴുവനും നല്ല്ല തണൽ ലഭിക്കുമെന്നതിനാലും കായ്‍കൾ ഇല്ലാത്തതിനാൽ പക്ഷികൾ കാഷ്ഠിക്കുകയില്ല എന്നതിനാലും ഇവ സഭകൾ ചേരുന്നതിനും, വിദ്യ അഭ്യസിക്കുന്നതിനുമുള്ള വേദിയായി. സംഘകാലത്ത് ബോധി മണ്ട്റം എന്ന് അറിയപ്പെട്ടിരുന്ന (ഇന്ന് പട്ടിമൺട്റം) ആൽ മരത്തിൻ ചുവട്ടിലായിരൂന്നു എന്ന് സംഘകൃതികളിൽ വിശദമാക്കുന്നുണ്ട്. [4]
ബുദ്ധ മതത്തിന്റെ ആവിർഭാവത്തിനുമുന്നേ തന്നെ മരങ്ങളെ ആരാധിച്ചിരുന്നു എന്നതിന് ഹാരപ്പയിൽ നിന്നും മറ്റും തെളിവ് ലഭിച്ചിട്ടുണ്ട്. എന്നാൽ ബൌദ്ധം സാംഖ്യംതുടങ്ങിയ നിരീശ്വരവാദ പരമായ ദർശനങ്ങളുടെ ആവിർഭാവത്തോടെ ആൽമരങ്ങളുടെ പ്രസക്തി വർദ്ധിച്ചു. ബുദ്ധനു ശേഷം ആൽമരത്തെയും സ്ഥൂപങ്ങളേയും ആണ് ബുദ്ധ സന്ന്യാസിമാർ പ്രതീകമായി ആരാധിച്ചിരുന്നത്. [5] ബോധി വൃക്ഷത്തെ അശോക ചക്രവർത്തി ആയിരം കുടം പനിനീർ കൊണ്ട് അഭിഷേകം ചെയ്തതായും രേഖകൾ ഉണ്ട്. ഇത്തരം മരങ്ങളുടെ ആരാധനയും മരത്തിൽ കുടിയിരിക്കുന്ന ദേവതക്കുള്ള പൂജകളും പുരാതന കാലത്തേത് പോലെ ഇന്നും ഇന്ത്യയിലെ പല സ്ഥലങ്ങളിലും നടക്കുന്നുണ്ട്