പ്രാചീന കേരളത്തിലെ ഈശ്വരാരാധനയ്ക്ക് ഇന്നും ജീവിക്കുന്ന പ്രമാണമായി കല്ലില്‍ ഗുഹാക്ഷേത്രം നിലകൊള്ളുന്നു. മേതല എന്ന ഗ്രാമപ്രദേശത്തിലെ ജനവാസ സ്ഥലങ്ങളില്‍ നിന്നെല്ലാം അകന്ന് ഒരു കുന്നിന്‍ മുകളിലാണ് ഈ "കല്ലമ്പലം" സ്ഥിതി ചെയ്യുന്നത്. ഭീമാകാരമായ ഒറ്റക്കല്ലില്‍ ഗുഹാക്ഷേത്രം. ആ കല്ലാകട്ടെ എങ്ങും നിലം തൊട്ടതായി കണ്ടെത്താനുമാകില്ല. സഹസ്രാബ്ദങ്ങള്‍ക്കു മുന്പുണ്ടായിരുന്ന സാംസ്കാരിക സൗഭാഗ്യത്തിലേക്ക് വെളിച്ചം വീശുന്ന ശില്‍പസൌകുമാര്യം ഇതിന്റെ പ്രത്യേകതയാണ്. മറ്റു പല ദേവാലയങ്ങളില്‍ നിന്നും അനുഷ്ട്ടാനങ്ങളിലും പൂജാക്രമങ്ങളിലും ഉള്ള വ്യത്യസ്തതകള്‍ വിദൂരഭൂതകാലത്തിലെ സാംസ്കാരിക സവിശേഷതകളിലേക്ക് വിരല്‍ ചൂണ്ടുന്നു
തിരക്കേറിയ ആധുനിക ജീവിതചര്യകള്ക്കിടയില്‍ വാനപ്രസ്ഥസുഖം തേടുന്നവര്‍ക്ക് ഉചിതമായ സന്ദര്‍ശനകേന്ദ്രമാണ് ഈ ദേവീപദം. പരിഷ്കൃത ലോകത്തിലെ തിരക്കുകളില്‍ നിന്നൊഴിഞ്ഞ് പ്രശാന്തസുന്ദരമായ ചുറ്റുപാടില്‍ പ്രകൃതിയോട് അങ്ങേയറ്റം താദാദ്മ്യം പ്രാപിച്ച് ഗുഹാവാസിനിയായിരിക്കുന്ന ഭഗവതി ഭക്തര്‍ക്ക് സര്വാഭീഷ്ട്ടപ്രദയും സദാ സുസ്മേരവദനയുമായ അമ്മയാണ്. അകമെയും പുറമെയും കുളിര്‍ നിറക്കുന്ന ദേവിയുടെ അകമഴിഞ്ഞ സല്‍ക്കാരം ആരെയും വീണ്ടും ആ നടയിലെത്തിയ്ക്കും.
പ്രകൃതിയുടെ വശ്യസൌന്ദര്യം കൊണ്ട് അനുഗൃഹീതമാണ് ക്ഷേത്രം കുടി കൊള്ളുന്ന കല്ലില്‍ മലയും അതിനു ചുറ്റുമുള്ള പ്രദേശങ്ങളും. എം.സി. റോഡില് പുല്ലുവഴി, കീഴില്ലം എന്നീ സ്ഥലങ്ങളില്‍ നിന്നും ആലുവ - മൂന്നാര് റോഡില് കുറുപ്പംപടി, ഓടയ്ക്കാലി എന്നീ സ്ഥലങ്ങളില്‍ നിന്നും എളുപ്പം ക്ഷേത്രത്തില്‍ എത്തിച്ചേരാം. ക്ഷേത്രത്തിനു ചുറ്റും 28 ഏക്കറോളം പരന്നു കിടക്കുന്ന പ്രദേശം മുന്‍പ് വിജനമായ വനപ്രദേശമായിരുന്നു. പ്രതാപികളായിരുന്ന കല്ലില്‍ പിഷാരം വകയായിരുന്നു ഈ ക്ഷേത്രം. ഭക്തജനങ്ങളെയും ചരിത്രാന്വേഷകരെയും ഒന്നുപോലെ ആകര്‍ഷിക്കാന്‍ പോന്നതാണ് ഈ പ്രദേശത്തിന്റെ വശ്യ ചൈതന്യം. മറ്റു പല ക്ഷേത്രങ്ങളെയും പോലെ പ്രാരംഭദശയില്‍ ഇതും ജൈനക്ഷേത്രങ്ങളില്‍ ഒന്നായിരുന്നു. ജൈനമതത്തിലെ തീര്‍ത്ഥങ്കരനായിരുന്ന വര്‍ദ്ധമാന മഹാവീരന്റെയും പാര്‍ശ്വനാഥന്റെയും പത്മാവതി ദേവിയുടെയും പ്രതിഷ്ഠകള്‍, ഇത് ജൈനക്ഷേത്രമായിരുന്നു എന്ന ചരിത്രവസ്തുതയ്ക്ക് പിന്‍ബലം നല്കുന്നു. ഒരു പക്ഷെ ജൈന സന്യാസിമാര്‍ തപസ് അനുഷ്ടിച്ചിരുന്ന പ്രദേശമായിരുന്നിരിയ്ക്കണം പിന്നീട് ക്ഷേത്രമായി പരിണമിച്ചത്.
9 - )൦ നൂറ്റാണ്ടില്‍ ഇത് ഹിന്ദുക്ഷേത്രമായി മാറിയെന്നു കരുതപ്പെടുന്നു. ഇന്നും ജൈന മതസ്ഥര്‍ ഇവിടെ ആരാധനയ്ക്കെത്തുക പതിവാണ്.
ശ്രീകോവിലിന്റെ മേല്ക്കൂരയായി നിലം തൊടാതെ നില്ക്കുന്ന ഭീമാകാരനായ പാറയുടെ പ്രകൃതിദത്തമായ അത്ഭുദ ദൃശ്യമാണ് ദേവിയ്ക്ക് ദിവ്യ പരിവേഷമായി നിലകൊള്ളുന്നത്.
ക്ഷേത്രത്തിന്റെ ശ്രദ്ധാകേന്ദ്രമായ ഭീമന്‍ പാറ അന്തരീക്ഷത്തില്‍ ഉയര്‍ന്നു നില്‍ക്കുന്നതിനെക്കുറിച്ചു പല ഐതിഹ്യങ്ങളുമുണ്ട്. ഒരു കാലത്ത് നിബിഡ വനമായിരുന്ന ഈ പ്രദേശത്ത് വനവിഭവങ്ങള്‍ ശേഖരിക്കാന്‍ എത്തിയവര്‍ കാനനമാധ്യത്തില്‍ ദേവീ ചൈതന്യം തുടിയ്ക്കുന്ന സുന്ദരിയായൊരു സ്ത്രീ കല്ലുകൊണ്ട് അമ്മാനമാടി കളിയ്ക്കുന്നത് കണ്ടുവത്രേ. വനമധ്യത്തില്‍ കണ്ട സുന്ദരി ആരെന്നറിയാന്‍ ആകാംക്ഷയോടെ അവര്‍ അടുത്തു ചെന്നപ്പോഴേയ്ക്കും ആ സുന്ദരി അമ്മാനമാടിക്കൊണ്ടിരുന്ന കല്ലുകള്‍ മറയാക്കി ഗുഹയില്‍ ഒളിച്ചു. ആ സുന്ദരരൂപിണി കല്ലില്‍ ഭഗവതിയായിരുന്നു. അമ്മാനമാടിയപ്പോള്‍ മുകളിലേയ്ക്കു പോയ കല്ല് മേല്‍ക്കൂരയായും താഴേക്കു പതിച്ച കല്ല് ഇരിപ്പിടമായും മാറിയെന്നും ഐതിഹ്യം.
വൃശ്ചികമാസത്തിലെ കാര്‍ത്തികനാളിലാണ് ഇവിടെ ഉത്സവകൊടിയേറ്റം. പിന്നീട് 7 ദിവസം ഉത്സവ കാലം. ഉത്സവദിനങ്ങളില്‍ ദേവിയുടെ എഴുന്നള്ളത്ത് പിടിയാനപ്പുറത്താണ്. മേളങ്ങളുടെ അകമ്പടിയോടെ തീവെട്ടിപ്രഭയില്‍ ദുര്‍ഘടമായ പ്രദക്ഷിണവഴിയിലെ പടവുകള്‍ കയറിയിറങ്ങി പിടിയാനപ്പുറത്തുള്ള ദേവിയുടെ എഴുന്നള്ളത്ത് അത്യപൂര്‍വമായ കാഴ്ചയാണ്.
കല്ലിൽ ക്ഷേത്രവുമായി ബന്ധപ്പെട്ട ഏറ്റവും വിശേഷപ്പെട്ട ഐതിഹ്യങ്ങളിലൊന്നാണ് ഇടിതൊഴലിനെ സംബന്ധിച്ചത്. കല്ലിൽ ക്ഷേത്രത്തിൻ്റെ ഉദ്ഭവവുമായി ബന്ധപ്പെട്ട ആ കഥ ഇങ്ങനെയാണ്..
നിബിഡവനമായിരുന്ന ഇന്നത്തെ ക്ഷേത്രം സ്ഥിതി ചെയ്യുന്ന പ്രദേശത്തുകൂടി നായാട്ടിനായെത്തിയവർ മലമുകളിൽ കാടിനു നടുവിൽ മുൻപൊന്നും കണ്ടിട്ടില്ലാത്ത അഭൗമസുന്ദരിയായൊരു യുവതി കല്ലുകൾ കൊണ്ട് അമ്മാനമാടിക്കളിച്ചുകൊണ്ടിരിക്കുന്ന കാഴ്ച്ച കണ്ട് അദ്ഭുതപരവശരായി. നായാട്ടു സംഘത്തെ കണ്ട യുവതി പെട്ടെന്ന് ഇവരെക്കണ്ട് താൻ അമ്മാനമാടുന്ന കല്ലുകൾ മായകൊണ്ട് അന്തരീക്ഷത്തിൽ നിശ്ചലമാക്കിയ ശേഷം വായുവിൽ പൊങ്ങി നിന്ന കല്ലിനു കീഴെയും താഴെ വീണ കല്ലിനുമിടയിലായി അപ്രത്യക്ഷയായി. ഇതു കണ്ട് അമ്പരന്ന നായാട്ടുസംഘം യുവതിയിലെ ദേവീചൈതന്യം മനസ്സിലാക്കി അവരുടെ കൈവശമിരുന്ന അരിപ്പൊടിയും, വെറ്റില മുറുക്കുന്നതിനുള്ള അടയ്ക്ക വെറ്റില ചുണ്ണാമ്പ് ഇവ കല്ലിലിടിച്ചുചതച്ചതും ദേവിക്കു മുന്നിൽ നേദിച്ച് പ്രാർത്ഥനയോടെ കൈകൾ കൂപ്പി. അങ്ങനെയാണ് നിലം തൊടാത്ത കല്ലിനു കീഴിൽ കല്ലിൽ ഭഗവതീ സാന്നിധ്യമുണ്ടായതെന്നാണ് ഐതിഹ്യം.
തൃക്കാർത്തിക മഹോത്സവത്തിൻ്റെ ഒന്നാം ദിവസത്തെ ഇടിതൊഴൽ എന്ന ചടങ്ങിൽ ഈ കഥയെ ഓർമിപ്പിക്കും വിധം ആദ്യം ഉണക്കലരിയും പിന്നീട് വെറ്റില, ഇളം അടയ്ക്ക, ചുണ്ണാമ്പ് ഇവയും മര ഉരലിൽ ഇടിച്ച് കൈതക്കോട്ടുകുടി കുടുംബാംഗമായ മാരാർ ഭഗവതിക്ക് നേദിക്കുന്നു. താംബൂലമിശ്രിതം ഇടിക്കുമ്പോൾ തെറിക്കുന്ന പ്രസാദത്തിൻ്റെ നീരും നേദിച്ച ശേഷമുള്ള താംബൂല പ്രസാദവും അതിവിശിഷ്ടമായാണ് കല്ലിൽ ഭഗവതി ഭക്തർ കണക്കാക്കിപ്പോരുന്നത്. തൃക്കാർത്തിക മഹോത്സവത്തിനോടനുബന്ധിച്ചുള്ള കൊടിമരം മുറിക്കൽ അടക്കമുള്ള പ്രധാന ചടങ്ങുകളുടെയെല്ലാം സമാരംഭം അതിവിശിഷ്ടമായ ഇടിതൊഴലോടെയാണ്.
ശ്രീകോവിലിനുള്ളില്‍ നടവാതിലിനു നേരെ അല്പം വലത്തോട്ട് മാറിയാണ് ആഭരണ വിഭൂഷിതയായി സദാ പൂജിതയായി സകലവും ഉള്‍ക്കൊണ്ടുകൊണ്ടുള്ള ദേവിയുടെ ഇരിപ്പ്. ദേവിയുടെ വശ്യശക്തി ഏതൊരു ഭക്തനെയും നിര്‍വൃതിയില്‍ ആറാടിയ്ക്കും. ശ്രീകോവിലിനു തൊട്ടു മുന്നില്‍ വലിയ ബലിക്കല്ല്, അതിനു മുന്‍പില്‍ കല്പ്പടവുകള്‍, പടവുകള്‍ ഇറങ്ങി വന്നാല്‍ കല്ലില്‍ തീര്‍ത്ത മേല്ക്കൂരയോടു കൂടിയ ആനപ്പന്തല്‍, വീണ്ടും താഴേയ്ക്ക് കല്‍പ്പടവുകള്‍ ഇറങ്ങിയെത്തിയാല്‍ വലതു വശത്ത് ക്ഷേത്രക്കുളം, അടുത്തായി ഊട്ടുപുരയും. " കല്ലില്" എന്ന പേരിനെ അന്വര്‍ഥമാക്കുന്ന വിധത്തില്‍ ഇവിടം സര്‍വത്ര കല്ലുമയം.
എറണാകുളം ജില്ലയിലെ ഒരു പ്രധാന ടുറിസ്റ്റ് കേന്ദ്രമായ കല്ലില്‍ ക്ഷേത്രം പുരാവസ്തു ഗവേഷണ വകുപ്പിന്റെ കീഴിലുള്ള ഒരു സംരക്ഷിത സ്മാരകം കൂടിയാണ്. ഭക്തിസാന്ദ്രമായ അന്തരീക്ഷം ഒപ്പം ശാന്തസുന്ദരമായ പ്രകൃതി, അതോടൊപ്പം അത്ഭുത പരിവേഷം, കൂടാതെ ചരിത്രസത്യങ്ങള് വിളിച്ചോതുന്ന പാറക്കല്ലുകള് ഇവയെല്ലാം ചേര്‍ന്ന് കല്ലില്‍ ഗുഹാക്ഷേത്രം എന്ന അല്‍ഭുതചൈതന്യകേന്ദ്രം ആയിരങ്ങളെ അങ്ങോട്ട് ആകര്‍ഷിച്ചുകൊണ്ടിരിക്കുന്നു.